Pages

Tuesday, January 31, 2012

Wednesday, January 25, 2012

അലോഷ്യസ് ഡി. ഫെര്‍ണാണ്ടസിന് ആദരാഞ്ജലികള്‍


അലോഷ്യസ് ഡി. ഫെര്‍ണാന്റസിന് ആദരാഞ്ജലികള്‍


പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനും സെക്കുലര്‍ ആക്ടിവിസ്റ്റ്സ് ഫോറം ഫോര്‍ ഇക്വാളിറ്റി (SAFE) സെക്രട്ടറിയും പറവൂര്‍ ജനജാഗൃതിയുടെ ഡയറക്ടറുമായിരുന്ന അലോഷ്യസ് ഡി. ഫെര്‍ണാണ്ടസ് അന്തരിച്ചു. സേഫിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ എതീസ്റ്റ് യൂണിവേഴ്സിറ്റി സെന്റര്‍ തുടങ്ങുന്നതിനുള്ള സാദ്ധ്യതകള്‍ ആരായുവാന്‍ വിജയവാഡയിലെ എതീസ്റ്റ് യൂണിവേഴ്സിറ്റിസന്ദര്‍ശിച്ച് മടങ്ങവേ, 2012 ജനുവരി 24 ന് വൈകിട്ട് ട്രെയിനില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തിലാണ്  അദ്ദേഹം മരണപ്പെട്ടത്

കേരളത്തിലെ വിമോചന ദൈവശാസ്ത്ര പ്രസ്ഥാനത്തിന്റെ ആദ്യകാല പഥികരിലൊരാളായിരുന്ന ഫാ. അലോഷ്യസ് ഡി. ഫെര്‍ണാണ്ടസ് പിന്നീട് ക്രൈസ്തവ സഭയുടെ കാപട്യങ്ങള്‍ക്കുനേരേ വൈദികകുപ്പായം ഊരിയെറിഞ്ഞ് പ്രതികരിച്ച് മതനിരപേക്ഷ മാനവികതയുടെ വ്യക്താവായി മാറുകയായിരുന്നു. 28 വര്‍ഷങ്ങളായി മനുഷ്യവിമോചന ശബ്ദമായി പ്രസിദ്ധീകരിച്ചുവരുന്ന ഓറ" (ഓര്‍ഗന്‍ ഫോര്‍ റാഡിക്കല്‍ ആക്ഷന്‍) മാസികയുടെ സ്ഥാപകാംഗം; തുടര്‍ന്ന് മാനേജിംഗ് എഡിറ്റര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം  ഇപ്പോള്‍ മാസികയുടെ മുഖ്യഉപദേഷ്ടാവ് ആയി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.  ദളിത് - മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ജിഹ്വയായി ഓറ കണക്കാക്കപ്പെടുന്നു. തന്റെ ശാരീരികാവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണമെന്നും മൃദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍ ആഗ്രഹം.  അതിനാവശ്യമായ കരാറിലും അദ്ദേഹം സേഫ് അംഗങ്ങള്‍ക്കൊപ്പം ഒപ്പുവെച്ചിട്ടുണ്ട്. സേഫിന്റെ ആഭിമുഖ്യത്തില്‍ മതനിരപേക്ഷ ശവസംസ്കാരമെന്ന ആശയം കേരളസമൂഹത്തില്‍ ചര്‍ച്ചയ്കുവെച്ച ശ്രീ. അലോഷ്യസ് ഡി. ഫെര്‍ണാണ്ടസിന്റെ അകാല ദേഹവിയോഗത്തില്‍ സേഫ് പ്രവര്‍ത്തകര്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

കൊല്ലം ജില്ലയില്‍, കുമ്പളത്തു വലിയവിളപൊയ്കയില്‍ 1947 ആഗസ്റ്റ് 29 നായി്രുന്നു അദ്ദേഹത്തിന്റെ ജനനം. അച്ഛന്‍ ദാവീദ് വി. ഫെര്‍ണാന്റസ്, അമ്മ ത്രേസ്യാമ്മ. കുമ്പളത്ത് സെന്റ്‌മേരീസ് സ്‌കൂളിലും തങ്കശ്ശേരി ഇന്‍ഫന്റ്ജീസസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. 9 വര്‍ഷം സെമിനാരി പഠനം. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി. എ., ആലുവ സെന്റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരിയില്‍ നിന്നും ബി. ഡി., അമേരിക്കയിലെ ബോസ്റ്റന്‍ കോളേജില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. 1970 ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ ഇന്‍സ്റ്റിറ്റ്യൂടുകളില്‍ നിന്നും സോഷ്യല്‍വര്‍ക്കിലും കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനിലും സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി.

ക്രിസ്തുദര്‍ശനത്തിലെ മാര്‍ക്‌സിയന്‍ ചിന്താധാരകളെയും മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിലെ ക്രിസ്തുദര്‍ശനങ്ങളെയും മനുഷ്യവിമോചനത്തിനായി സമന്വയിപ്പിച്ചു വളര്‍ത്തിയ വിമോചനദൈവശാസ്ത്ര വക്താവ്, കര്‍ഷകത്തൊഴിലാളികളുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെയും അവകാശ-വിമോചനപ്പോരാട്ടങ്ങളില്‍ അവരോടൊപ്പം നടന്നുനീങ്ങുന്ന പോരാളി,
ഈ പോരാട്ട പ്രക്രിയയ്ക്കു നിദാനമായി ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ സാമൂഹ്യപ്രതിരോധ സംഘങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായകമായ പങ്കുവഹിച്ച കാര്യദര്‍ശി, സാമൂഹ്യാപഗ്രഥനത്തിലൂന്നിയ നേതൃത്വപരിശീലന കോഴ്‌സ് നല്കുന്നതില്‍ അനുഭവസമ്പന്നന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്കുടമയായിരുന്നു. അലോഷ്യസച്ചന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന അലോഷ്യസ് ഡി. ഫെര്‍ണാണ്ടസ്. കറുത്ത കുര്‍ബാന (Black Mass) എന്ന ആത്മകഥാംശപരമായ അദ്ദേഹത്തിന്റെ കൃതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ജാതി-മത-ദൈവ-അണുകുടുംബ-കൂലിവേല-കീഴ്‌മേല്‍ സംവിധാനങ്ങളെ നിരാകരിച്ചുകൊണ്ട്, സംഘാത്മകതയിലും മാനവികതയിലും പ്രാപഞ്ചികതയിലും ഊന്നിയ, സ്വാതന്ത്ര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സംഘജീവിതാന്വേഷണത്തിലുമായിരുന്നു ഇപ്പോള്‍ അദ്ദേഹം. കൊച്ചുമോള്‍ എം. റ്റി. യാണ് കൂട്ടുകാരി. 

 അലോഷ്യസ് ഡി. ഫെര്‍ണാണ്ടസിന്റെ പുസ്തകങ്ങള്‍
1. കറുത്ത കുര്‍ബ്ബാന - ഞാന്‍ നടന്ന വഴികള്‍ (ആത്മകഥ)
2. Black Mass - The path I have Trodden (Autobiography)
3. അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ (ലേഖനസമാഹാരം)
4. മരണത്തിലൂടെ ജീവന്‍ (ലേഖനസമാഹാരം)
5. നേര്‍ക്കാഴ്ചകള്‍ (ലേഖനസമാഹാരം)
6. ആത്മീയതയുടെ സൂപ്പര്‍മാര്‍ക്കറ്റ് (ലേഖനസമാഹാരം)
7. സോളമനച്ചന്‍ ആത്മസമര്‍പ്പണത്തിന്റെ പ്രതീകം (ജീവിതചരിത്രം)
8. വിഭജിക്കപ്പെട്ട സമൂഹം (ലേഖനസമാഹാരം)
9. ഒരു ഫെമിനിസ്റ്റാവുക (പഠനം)
10. തിരുമേനിമാര്‍ക്ക് യേശു മാപ്പുതരില്ല (പഠനം)
11. ഒരു പുരോഹിതന്റെ ഡയറിക്കുറിപ്പുകള്‍ (അനുഭവം)
12. പെരുവട്ടന്മാരുടെ സുവിശേഷം (പഠനം)
13. ബൈബിള്‍ - കറുത്തനീതിയുടെ പാഠപുസ്തകം (ലേഖനസമാഹാരം)
14. മണ്ണും പെണ്ണും കറുത്ത ദൈവവും (ലേഖനസമാഹാരം)
15. ഓര്‍മ്മകളിലെ വേനലും വസന്തവും (അനുഭവം)
16. സൗഹൃദത്തിന്റെ രസതന്ത്രം (പഠനം)
17. The Chemistry of Intimacy (a study)
18. ഞങ്ങള്‍ക്കു ബറാബാസിനെ മതി (പഠനം)
19. വെളുത്ത ദൈവത്തെ കൊല്ലുക (ലേഖനസമാഹാരം)
20. ഒതപ്പ് നല്‍കുന്നവര്‍ (ലേഖനസമാഹാരം)
21. പുതിയ ഗാഗുല്‍ത്തകള്‍ (ലേഖനസമാഹാരം)
22. വില്‍ക്കാനുണ്ട് ബ്രഹ്മചര്യം (ലേഖനസമാഹാരം)
23. പ്രപഞ്ച സിംഫണി (പഠനം)
24. ഒരു പുരോഹിതന്റെ ബദല്‍ ജീവിതരേഖ (അനുഭവം)
25. അനുഭവങ്ങള്‍ തണല്‍മരങ്ങള്‍ തീക്കനലുകള്‍ (അനുഭവം)
26. കത്തോലിക്കാസഭയുടെ ചാവുദോഷങ്ങള്‍ (പഠനം)
27. വിവാഹ സര്‍ട്ടിഫിക്കറ്റ് (ലേഖനസമാഹാരം)
28. അരാഷ്ട്രീയക്കാരന്റെ രാഷ്ട്രീയം (ലേഖനസമാഹാരം)
29. അനുഭവം സമ്പത്ത് (അനുഭവം)
30. കാതുള്ളവര്‍ കേള്‍ക്കട്ടെ (ലേഖനസമാഹാരം)
31. ഇവന്‍ യേശു - ഒരു മനുഷ്യപുത്രന്റെ ജീവിതകഥ (ജീവിതചരിത്രം)
32. സഭയും സംസ്‌കാര സാത്മീകരണവും (ലേഖനസമാഹാരം)
33. മാനവികതയുടെ നേരറിവുകള്‍ (അനുഭവം)
34. ക്രൈസ്തവസഭ യേശുവിന്റെ സഭയോ ? (ലേഖനസമാഹാരം)
35. അപ്പത്തിന്റെ രാഷ്ട്രീയം (ലേഖനസമാഹാരം)
36. സ്ത്രീ കുടുംബം ലൈംഗികത സംഘജീവിതം (ദര്‍ശനം)
37. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ (ലേഖനസമാഹാരം)
38. മാനുഷികതയുടെ അര്‍ത്ഥതലങ്ങള്‍ (ലേഖനസമാഹാരം)
39. പുന്നപ്രവയലാര്‍ സമരം അനുഭവങ്ങളിലൂടെ
(എഡിറ്റര്‍)